Monday, July 11, 2011

പഥികന്‍


പറയതെയകലുന്നു ദൂരേക്കുഞാനുള്ളി -
ലൊരുപാടു നോവുകള്‍ ബാക്കിയാക്കി.
ജീവന്റെ ജീവനാം സഖിയോടു പോലുമി-
ന്നൊരു വാക്കു ചൊല്ലാതെ പോയിടുന്നു.

ഹൃദയമാം തംബുരു മധുരമായ് മീട്ടുമി-
ക്കവിതകള്‍ കാറ്റില്‍പ്പറന്നിടട്ടെ
ജീവന്റെ ധമനികള്‍ക്കുള്ളിലൂടൊഴുകുമീ
വരികള്‍ ഞാന്‍ തീയിലെ റിഞ്ഞിടട്ടെ.

ഉള്ളിന്റെയുള്ളിലായെ വിടെയോ നീറുമി-
ക്കനലിന്നു കാണുവാനാരുമില്ല .
കരളില്‍ നിന്നിറ്റുന്ന കണ്ണീരിലലിയുവാന്‍
പാതി വെന്തൊരീ കടലാസ്സു തുണ്ടുമില്ല.

ഇന്നെന്റെ നെഞ്ചിലായൊരുനൂറു ചോദ്യങ്ങ -
ളുത്തരം കിട്ടാതെ തങ്ങിനില്പൂ
കള്ളിമുള്‍ക്കൂടാരമിന്നെനിക്കേകുവാന്‍
അരുതാത്തതെന്തു ഞാനാഗ്രഹിച്ചു?

തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുമാ തോഴരെ
ഒരു നോക്കു കാണുവാന്‍ കാത്തിരുന്നു.
ഹൃദയം നിറഞ്ഞൊരാ മന്ദസ്മിതം തൂകി-
യൊരുവാക്കു കേള്‍ക്കുവാനാശ വെച്ചു.

ആരെന്റെ കവിതതന്‍ തോലിരിച്ചു,
ക്രുരമാരെന്റെ കനവിനെ ചുട്ടെരിച്ചു ?
എന്നുമൊന്നെന്നു ചൊന്നതും ഒന്നിച്ചിരുന്നതും
വെറുതെയെന്നറിയുവാന്‍ വൈകിയോ ഞാന്‍ ?

ഭാരതദേവിതന്‍ ഭ്രാന്തരാം പുത്രരേ
ഭ്രാതാക്കളായ് കണ്ടതെന്റെ തെറ്റോ?
സത്യം, അഹിംസ, കാരുണ്ണയ മൊക്കെയും
എഴുതുവാന്‍ മാത്രമായുള്ളതെന്നോ?

ഭ്രാതാക്കള്‍ രാഷ്ട്രീയ ചതുരംഗ മാടുമ്പോള്‍,
കണ്മുന്നില്‍ മാനുഷര്‍ വെടിയേറ്റു പിടയുമ്പോള്‍,
ചുടുനിണമൂഴിയില്‍ ചിറകെട്ടി നില്‍ക്കുമ്പോള്‍,
കണ്മുന്നില്‍ ജീവന്റെ താളം നിലയ്ക്കുമ്പോള്‍,

ആശിച്ച തൊക്കെയും കൈവിട്ടതൊക്കെയും
സ്വപ്നങ്ങള്‍ മാത്രമെന്നോര്‍ത്തിടുന്നു
ശുഭ്രമീ നൂലിനാലിന്നെന്റെ കണ്കെട്ടി
മൂകമായകലേക്കു മാഞ്ഞിടുന്നു

2 comments:

  1. ഓ ....കണ്ടതിനേക്കാള്‍ വലുതാണല്ലോ അളയിലിരിക്കുന്നത്....
    പഥികന്‍ കൂടുതല്‍ ഇഷ്ടമായി.
    ഇനി ഒന്ന് കൂടി അവിടെ ഉണ്ടെന്നു തോന്നുന്നു. തിരഞ്ഞു പിടിക്കട്ടെ.
    അഭിനന്ദനങ്ങളോടെ

    ReplyDelete
  2. ഹൃദയമാം തംബുരു മധുരമായ് മീട്ടുമിക്കവിതകള്‍ വാനില്‍പ്പറന്നിടട്ടെ

    ReplyDelete