Social Icons

Thursday, August 2, 2012

Manglalore Expressപ്ലാറ്റ്ഫോമിലേക്ക് നിരങ്ങി നില്‍ക്കുന്ന മാംഗ്ലൂര്‍ എക്സ്പ്രസ്സ്‌. ഒറ്റനോട്ടത്തില്‍ തന്നെ ഗുണ്ടകളെന്നു മനസ്സിലാകുന്ന ചിലര്‍ കംപാര്‍ട്ടുമെന്റുകളില്‍ ആരെയോ തിരയുന്നു. തന്നെയാണെന്നറിയാം എങ്കിലും ഇനി അവരുടെ കയ്യില്‍ പെടില്ല. അയാള്‍ അടുത്തുള്ള ഹോട്ടലിലേക്ക് നീങ്ങി.

"ഒരു പ്ലേറ്റ് ഇഡ്ഡലി എന്താ വില ??"
"പത്തു രൂപ "
"ചായക്കോ??"
"നാല് "
ആശയോടെ പോക്കറ്റില്‍ കയ്യിട്ടു. ചിരിച്ചു കൊണ്ട് അവസാനത്തെ രണ്ടു രണ്ടുരൂപാത്തുട്ടുകള്‍ പുറത്തു ചാടി.
"എന്നാപ്പിന്നെ ഒരു ചായ മാത്രം മതി ചേട്ടാ..."

ചായ ഫ്ലാസ്കില്‍ വാങ്ങി അയാള്‍ പുറത്തേക്കു നടന്നു.
ട്രെയിന്‍ പ്ലാട്ഫോം വിട്ടിരിക്കുന്നു... ഗുണ്ടകളും.... ഇതിനൊക്കെ കാരണക്കാരന്‍ ആരാ....

' അച്ഛന്‍... '

അച്ഛനാണ് എവിടെയും തോല്‍ക്കരുത്‌ എന്ന് പഠിപ്പിച്ചത്. അവളുടെ വീട്ടുകാര്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. വിട്ടുകൊടുക്കുമോ?... ഒളിച്ചോടി. അവളില്ലാതെ ജീവിക്കാന്‍ പറ്റില്ലായിരുന്നു. ഇന്നിപ്പോ അവളുണ്ട് . ഇനിയെങ്ങനെ ജീവിക്കും ?
അഞ്ചു ദിവസം ഓട്ടം മാത്രമായിരുന്നു.

ചെയ്തത് തെറ്റായിപ്പോയോ ? അച്ചനെന്തേ സ്വീകരിച്ചില്ല??

"പോയ്ക്കോണം വേലയും കൂലിയും ഇല്ലാത്തവന്‍ പെണ്ണുകെട്ടി വന്നിരിക്കുന്നു."

എന്നാണ് പറഞ്ഞത്. അച്ഛന്റെ അതേ വാശി മോനുമുണ്ട് .തോല്‍ക്കില്ല ജീവിതത്തില്‍... അച്ഛന്റെ മുന്നില്‍ പോലും. അപ്പോള്‍ത്തന്നെ അവിടെനിന്നുമിറങ്ങി. ആലോചിക്കുമ്പോള്‍ ഒരു കണക്കിനതു നന്നായി എന്നു തോന്നും. ചുട്ടു കൊന്നേനെ ഇവര്‍, വീട്ടുകാരെ അടക്കം.

അവരുടെ കയ്യില്‍ കിട്ടിയാല്‍ തന്നെ കൊല്ലും. അവളെ വീട്ടിലേക്കു തിരിച്ചു കൊണ്ട് പോകും. ഇപ്പൊ തോന്നുന്നു അതു തന്നെയാ നല്ലത്. അവളെങ്കിലും നന്നായി ജീവിക്കും. ഇടതു തോളിലെ മുറിവ് വ്രണമായി തുടങ്ങിയോ??

പച്ച നിറത്തിലുള്ള ഷാളിന്റെ കഷ്ണം കൊണ്ട് പൊതിഞ്ഞ മുറിവ് അയാള്‍ നോക്കി. നെഞ്ചിനു നേരെ ഉയര്‍ന്ന പിച്ചാത്തി ലക്‌ഷ്യം തെറ്റിയതാണ്. അതു തോളില്‍ ആഴത്തില്‍ ഒരു മുറിവ് സമ്മാനിച്ചു. ഒടുവില്‍ 'മാംഗ്ലൂര്‍ എക്സ്പ്രസ്സ്‌' രക്ഷകനായെത്തി. അവളെയും വലിച്ചിഴച്ചുകൊണ്ടു ഏതോ ഒരു കമ്പാര്‍ട്ടുമെന്റില്‍ ഓടിയലച്ചു കയറിയപ്പോള്‍. ഈ മുറിവ് വേദനിച്ചിരുന്നില്ല. രക്തം വാര്‍ന്നു പോകുന്നതറിഞ്ഞിരുന്നില്ല.

ഇവിടെയും അവരെത്തിയിരിക്കുന്നു. ഇനി പോകനൊരിടമില്ല. ഇടിഞ്ഞു പൊളിഞ്ഞ ആ  പഴയ വീടിന്റെ തട്ടിന്‍ മുകളില്‍ അവള്‍ സുരക്ഷിതയാണോ?
നടത്തത്തിനു വേഗത കൂടി.
തളര്‍ന്നുറങ്ങുകയായിരുന്നു അവള്‍. താന്‍ വന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. വിശപ്പും ദാഹവും മുഖത്തുനിന്നു വായിച്ചെടുക്കാം. തന്റെ കയ്യില്‍ ഇനി ബാക്കിയൊന്നുമില്ലെന്ന് അവള്‍ക്കറിയാം, ഒന്നും ചോദിക്കുന്നില്ല. കയ്യിലെ ചായ ഫ്ലാസ്കിന്റെ അടപ്പിലൊഴിച്ചു നീട്ടിയിട്ടു ചോദിച്ചു.
"നിനക്ക് വിശക്കു ന്നുണ്ടോ ?"
"ഇല്ല രവിയേട്ടാ"
"ഞാന്‍ ഒരു കാര്യം ചോദിച്ചാ സത്യം പറയോ നീ ?"
"ഉഉം..."
"ഒരു ജോലിയും കൂലിയും ഇല്ലാത്ത ന്റെ കൂടെ പോന്നത് തെറ്റായിന്ന് തോന്നണുണ്ടോ നിനക്ക്?"
നെഞ്ചോടു ചേര്‍ന്നിരുന്നു ഇത് പറയുമ്പോള്‍ അവള്‍ക്കു തേങ്ങലിന്റെ സ്വരമായിരുന്നു.
"ന്റെ രവിയേട്ടാ,...ഈ ഭൂമീല് നമ്മളെ ഒരുമിച്ചു ജീവിക്കാന്‍ അവര് സമ്മതിക്കില്ല. രവിയേട്ടന്‍ കൂടെ ഉണ്ടേല് നിക്കു പേടീല്ല. ഒരുമിച്ചു മരിച്ചുടെ നമ്മക്കു?? "
ഇതു തീരെ പ്രതീക്ഷിച്ചിരുന്നില്ല. 'ആത്മഹത്യ...' അതു തോല്‍വിയാണോ?
അല്ല....
ഈ ജീവിതം തന്നെ തോല്പ്പിക്കുന്നതിനു മുന്‍പ് മരിക്കണം.... അല്ല ജയിക്കണം.


രാത്രി ...

റയില്‍ പാളത്തിലൂടെ കൈകോര്‍ത്തു പിടിച്ചു അവര്‍ നടന്നു. അവനെത്താന്‍ സമയമായി. ഒരു സാഹചര്യത്തില്‍ രക്ഷകനായവാന്‍. 'മാംഗ്ലൂര്‍ എക്സ്പ്രസ്സ്‌'.
"നീയെന്തേ ഒന്നും മിണ്ടാത്തെ? ഓര്മേണ്ടോ എന്നാ ഇതുപോലെ ആദ്യായിട്ട് ഞാന്‍ നിന്റെ കയ്യ് പിടിച്ചെന്നു?"
"ഊം"
"പേടിയുണ്ടോ ഇപ്പോ??? "
"ന്റെ രവിയെട്ടനില്ലേ കൂടെ... പിന്നെന്തിനാ ഞാന്‍ പേടിക്കണേ? "


ദൂരെ പിന്നില്‍ ഇരുട്ടിനെ കീറി മുറിച്ചുകൊണ്ട് ഒരു ഒറ്റക്കണ്ണ്‍ തിളങ്ങി.ഒപ്പം കാറ്റിന്റെ താളത്തില്‍ ഒരു ചൂളം വിളിയും. ജീവിതത്തിനും മരണത്തിനും ഇടയില്‍ ഇനി നിമിഷങ്ങള്‍ മാത്രം. അലറി വിളിച്ചുകൊണ്ടു അവന്‍ പാഞ്ഞടുക്കുന്നു.
ഹെഡ് ലൈറ്റ് തീര്‍ത്ത പ്രകാശവൃത്തത്തില്‍ മുന്നിലെ കാഴ്ചകള്‍. നിഴലുകള്‍ക്ക് നീളം കുറഞ്ഞു കുറഞ്ഞു വരുന്നു. പാള ത്തിലുറപ്പിച്ചിരിക്കുന്ന ഇരുമ്പുചങ്ങലക്കണ്ണികള്‍ വിറയ്ക്കുന്നു. അവനടുക്കുകയാണ്. നിമിഷങ്ങള്‍ക്കകം ചോരകൊണ്ട് അവന്‍ കഥയെഴുതും.


"രവിയേട്ടാ,....
രവിയേട്ടാ....."

"ആ "
"ന്താ ഈ ആലോചിക്കണേ നേരോത്രയായീന്നറിയോ? ഉറങ്ങണില്ല്യേ ? "
"ഉഉം.... ഞാന്‍ പഴയ കാര്യങ്ങളൊക്കെ...... ഒന്ന്......."
"ആ.... നല്ല കാര്യായി.....എത്ര കാലായി... ഇനീപ്പോ ന്തിനാ അതൊക്കെ വെറുതേ ? ഈ രവിയേട്ടന് വട്ടാ.... "
"നീ കിടന്നോ ഞാന്‍ വരാം.... മോനുറങ്ങ്യോ ?"
"എപ്പോഴേ ഉറങ്ങി " ...

ഇനി ഇന്നുറങ്ങാന്‍ പറ്റില്ല മാംഗ്ലൂര്‍ എക്സ്പ്രസ്സ്‌ പാലക്കാട് ജങ്ങ്ഷന്‍ പിന്നിട്ടു ഷോര്‍ണൂര്‍ ലേക്ക് സിരകള്‍ക്കുള്ളിലൂടെ ഓടുന്നു. അന്ന്...... അന്നരാണ് രക്ഷക്കെത്തിയത് ?

'അച്ഛന്‍,... '

അച്ഛന്‍ വന്നുവോ അവിടെ?

ആത്മഹത്യ ചെയ്യുന്നവര്‍ ഒരിക്കലെങ്കിലും "എന്തിന് " എന്നൊന്നു ചിന്തിച്ചാല്‍ പിന്നെ അതു സാധിക്കില്ല.

അച്ഛന്‍ വന്നു...തന്റെ ഉള്ളില്‍. വന്നിട്ടു പറഞ്ഞു
" എടാ മടയാ... ഈ ഒറ്റക്കണ്ണന്‍ നിന്നെയിപ്പോ തോല്‍പ്പിക്കും "

അവന്റെ മുന്നില്‍ നിന്ന് അവളെ തള്ളി മാറ്റി മറു വശത്തേക്ക് വീഴുമ്പോള്‍ ഒന്ന് മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ
"ഹും..... എന്നെ തോല്‍പ്പിക്കുമെന്നോ....... അതും ഇവന്‍, ഈ ഒറ്റക്കണ്ണന്‍.....

പോട്ട് പുല്ലന്‍ "

No comments:

Post a Comment