Social Icons

Saturday, August 31, 2013

പൊന്‍ ചിമിഴും നാട്ടുവഴികളും

പാടുന്ന പൈങ്കിളീ പാവം പനങ്കിളീ
പോരുമോ നീയെന്റെ നാടുകാണാന്‍
കേള്‍ക്കുവാന്‍ നീ വന്നു ചാരത്തിരിക്കുകില്‍
ചൊല്ലിടാമേറെ വിശേഷങ്ങള്‍ ഞാന്‍

ദൂരത്തു കുന്നുണ്ട്‌ താഴെപ്പുഴയുണ്ട്‌
തീരത്തണയുവാന്‍ തോണിയുണ്ട്‌
ആദിത്യ ദേവന്നു തൃക്കണി വെക്കുന്ന
കണ്ണന്റെ കിങ്ങിണി പൂക്കളുണ്ട്‌

ചെമ്പകപ്പൂവുണ്ട്‌ പൂവിലോതേനുണ്ട്‌
തേന്‍ നുകര്‍ന്നീടുവാന്‍ വണ്ടുമുണ്ട്‌
ഞാറു വിളയുന്ന പാട വരമ്പത്തു
മന്ത്രം ജപിക്കുന്ന കൊറ്റിയുണ്ട്‌

കുഞ്ഞിളം കാറ്റുണ്ട്‌ കാറ്റിനും പാട്ടുണ്ട്‌
താളത്തിലാടും മരങ്ങളുണ്ട്‌
നാഗത്താന്‍ കാവിലെയാല്‍ മരമുത്തശ്ശി
ചൊല്ലുന്നയക്ഷിക്കഥകളുണ്ട്‌

കുഞ്ഞു തേന്‍മാവുണ്ട്‌ മാവില്‍ക്കനിയുണ്ട്‌
മാമരക്കൊമ്പിലൂഞ്ഞാലുമുണ്ട്‌
ഞാറുനടു ന്നൊരു നേരത്തു പാടുന്ന
പാട്ടേറ്റുപാടും കുയിലുമുണ്ട്‌

പുഞ്ച വരമ്പുണ്ട്‌ ചാരെ പുല്‍മേടുണ്ട്‌
പുല്ലു മേഞ്ഞീടുന്ന പൈക്കളുണ്ട്‌
കുന്നിന്‍ ചെരുവിലരുവിതന്‍ തീരത്തൊ-
രോലയില്‍ മേഞ്ഞ പുരയുമുണ്ട്‌

വലമ്പിരി ശംഖുണ്ട്‌ പഞ്ചാക്ഷരിയുണ്ട്‌
ശ്രീലകം വാഴുന്ന ദേവനുണ്ട്‌
മൂവന്തിനേരത്തു പൊന്‍ തിരിവെയ്ക്കുവാന്‍
മുന്നില്‍ തുളസിത്തറയുമുണ്ട്‌

വൃശ്ചിക രാവുണ്ട്‌ മഞ്ഞിന്‍ പുതപ്പുണ്ട്‌
രാക്കിളി ചൊല്ലും കവിതയുണ്ട്‌
മേഘങ്ങളൊക്കെയകന്നൊരു മാനത്താ-
യിന്ദുചൂടന്‍ തന്‍ കലയുമുണ്ട്‌

താരകക്കുഞ്ഞുണ്ട്‌ രാവിന്‍ കുളിരുണ്ട്‌
രാമുല്ല പൂക്കും സുഗന്ധമുണ്ട്‌
തിങ്കള്‍ക്കിടാവിനെ മൂളിയുറക്കുവാന്‍
മഞ്ജരിപ്പാട്ടിന്റെ ശീലുമുണ്ട്‌

പാട്ടു മൂളിത്തരാം മെയ്യിലുറക്കിടാം
കാറ്റിന്‍ കഥയും പറഞ്ഞു നല്‍കാം
മുറ്റത്തു നട്ടു വളര്‍ത്തിയ പിച്ചക-
പ്പൂനുള്ളി നിന്നെ ഞാന്‍ ചൂടിച്ചിടാം

കണ്ണിലെ മോഹവും കാതിലെയീണവും
നെഞ്ചിലെ നോവും പകുത്തു നല്‍കാം
വാടാത്ത പൂക്കളാലര്‍ച്ചന ചെയ്തു ഞാ -
നീ മലര്‍ക്കാവിലെ ദേവിയാക്കാം

കയ്യില്‍ വളയിട്ട്‌ കണ്ണില്‍ മഷിയിട്ട്‌
പോരുമോ കൂടെയെന്‍ കൂട്ടുകാരീ
എന്നുമീ നെഞ്ചിന്റെ താളമായ്‌ ചേരുമോ
ഹൃദ്യമായ്‌ പാടുന്ന പാട്ടുകാരീ...

1 comment:

  1. ആഹാ മനോഹരം...ചൊല്ലാന്‍ ഇമ്പമുള്ള കവിത...ഇപ്പോള്‍ നഷ്ടപ്പെടുന്ന നമ്മുടെ ഗ്രാമക്കാഴ്ച മനോഹരമായി പറഞ്ഞു... ഈ കവിക്ക് ആശംസകള്‍

    ReplyDelete