Social Icons

Tuesday, December 31, 2013

Secret Geography of Love... അവളൊരു മത്സ്യ കന്യക  . ജലോപരിതലവും ആഴങ്ങളും വിട്ട് അവള്‍ക്ക് കൂടെ വരാനാവില്ല. ശ്വാസം കിട്ടില്ലത്രേ... 

വിരഹത്തിന്റെ ചതുപ്പ് നിലത്തേക്ക് പ്രണയത്തിന്‍റെ പക്ഷി ക്രാഷ് ലാന്‍ഡ്‌ ചെയ്തു. സ്വപ്നവും യാഥാര്‍ത്യവും തമ്മിലുരഞ്ഞു തീപ്പൊരി പാറി. താങ്ങാനാവാത്ത ആഘാതത്തില്‍ ഹൃദയം പൊട്ടിയൊലിച്ച് കാഴ്ചകള്‍ക്ക് കണ്ണുനീരിന്റെ തിളങ്ങുന്ന മാസ്ക് വീണു. അതുവരെക്കാണാത്ത ബന്ധങ്ങളുടെ ട്രോളിയില്‍ പ്രാരാബ്ധവിഴുപ്പുകള്‍ ചെക്ക് ഔട്ട്‌ ചെയ്തു. ഇരുപത്തൊന്നിന്റെ നിറങ്ങളിലും എന്പതുകളുടെ സിംഫണി തേങ്ങി. ഒടുവില്‍ അവളുടെ ബന്ധനത്തിന്റെ തടാകത്തിലേക്ക് എന്റെ കണ്ണീരും പതിച്ചു. ഇരുപത്തിനാലു മണിക്കൂറും പ്രണയം പമ്പ് ചെയ്തിരുന്ന ഹൃദയം  ഇരുകൈകളും നീട്ടി തിരികെ വാങ്ങി ഞാന്‍ ഒന്പതേകാലിന്റെ ലാസ്റ്റ് ബസ് പിടിച്ചു.

  ജലോപരിതലത്തില്‍ നിന്ന് മാത്രം കരയെ നോക്കിക്കാണുന്ന പാവം ജലജീവിയെ ക്കുറിച്ചോര്‍ത്ത് അന്ന്  ഞാന്‍ വേദനിച്ചു. ശ്വാസം കഴിക്കാന്‍ വേണ്ടി മാത്രം അവള്‍ക്ക്  തലയുയര്‍ത്താം.. സോഡിയം ലാമ്പുകളുടെ കീഴെയുള്ള രാത്രികളും, നിശാ ക്ലബ്ബുകളുടെ ദ്രുതതാളവും നുരയുന്ന ലഹരിയും  ആരോരുമില്ലാത്ത താഴ്വരകളുടെ പച്ചപ്പുതപ്പും ഐസ് ക്രീം പാര്‍ലര്‍കളുടെ പിന്നാമ്പുറവും സെക്കണ്ട് ഷോ സിനിമാ തീയറ്ററുകളും, നാല്‍ക്കവലകളിലെ വെടിവട്ടവും എല്ലാം അവള്‍ക്കന്ന്യമാണ്.  അതവളുടെ വിധി, ചുരുങ്ങിയ ചുറ്റുപാടുകള്‍ വലയം ചെയ്ത, ഒരിക്കലും സ്വാതന്ത്ര്യ മര്‍ഹിക്കാത്ത പാവം അബല. പുരുഷനെന്നുമൊരു ഫ്രീ ബേര്‍ഡ് ഉം സ്ത്രീ അവന്‍ ഇണക്കി വളര്‍ത്തുന്ന പെറ്റും. അവള്‍ - അവന്റെ നേട്ടങ്ങളില്‍ അഭിമാനിച്ച് അവന്റെ ചുറ്റുപാടുകളെ സ്നേഹിച്ച് അവന്‍ സൃഷ്ടിച്ച ലോകത്ത് മാത്രം ജീവിക്കുന്ന ഒരു പാവം മര്‍മെയിട്.

വിശാലമായ ഈ വന്‍കരയില്‍ സര്‍വസ്വാതന്ത്ര്യവും തന്നു പുരുഷനാക്കി സൃഷ്ടിച്ച ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് രണ്ടായിരത്തി പതിമൂന് ഡയറി തന്റെ സംഭവബഹുലമായ  കഥ പറഞ്ഞവസാനിപ്പിച്ച് തികഞ്ഞ ചാരിതര്ത്യത്തോടെ മേശപ്പുറത്ത് ചാഞ്ഞിരുന്നു. തീര്‍ന്ന പേനയും ഒഴിഞ്ഞ മഷിക്കുപ്പിയും ആദരവോടെ അവനെ നോക്കി. പക്ഷേ  
തട്ടിന്‍ പുറത്ത്  സൂര്യനെത്തി നോക്കുന്ന മൂലയില്‍ എട്ടാം ക്ലാസിലെ ചിതലരിച്ച ഒരു ജ്യോഗ്രഫി പുസ്തകം മാത്രം  കുലുങ്ങി ക്കുലുങ്ങി  ചിരിച്ചു. ഏകാന്ത ധ്യാനത്തിന് വിഘാതം സംഭവിച്ച ദേഷ്യത്തില്‍ ഒരു പുസ്തകപ്പുഴു ഉത്തരദക്ഷിണ രേഖാംശ രേഖകള്‍ ക്കിടയിലൂടെ പാഞ്ഞു നടന്നു. ആഫ്രിക്കന്‍ ഫലകമുലഞ്ഞ് പൊടിപടലങ്ങളുയര്‍ന്നു. നീലാകാശവും തവിട്ടു ഭൂമിയും സ്വപ്നം കണ്ട ക്ലാസുമുറിയില്‍ എന്നോ കേട്ട്‌  മറന്ന ഒരു നഗ്നസത്യത്തിലേക്ക് ഞാന്‍ ആഞ്ഞൊന്നു തുമ്മി...

ഭൌമോപരിതലത്തില്‍ ആകെ വിസ്തൃതിയുടെ മൂന്നില്‍ രണ്ടു ഭാഗവും വെള്ളമാണത്രേ...

ആരുടെ ലോകമായിരുന്നു വലുത് ? കരയിലെയോ വെള്ളത്തിലെയോ ? അവളുടെയോ അതോ എന്റെയോ ?
-------------------------------------------------

No comments:

Post a Comment