Social Icons

Monday, February 17, 2014

അമ്മുവിന്‍റെ പുസ്തകംഈയിടെയായി അപ്പു തന്റെ പുസ്തകത്തിന്റെ ഒരു പുറം മാത്രമേ എഴുതുന്നുള്ളൂ. കാരണം അമ്മു ഒരു പുറം മാത്രമേ എഴുതുന്നുള്ളൂ.  പിന്നെ അച്ഛന്റെ ഒരു ക്ലീഷേയാണ്. "അപ്പുക്കുട്ടാ... പേപ്പര്‍ വേസ്റ്റ് ചെയ്യരുത്. സേവ് പേപ്പര്‍ സേവ് എ ട്രീ... എന്ന് കണ്ടിട്ടില്ലേ?" എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറു പോലെ ആ ഓള്‍ഡ്‌ ജനറേഷന്‍ ശബ്ദം അന്തരീക്ഷത്തില്‍ മാറ്റൊലിക്കൊള്ളും.

അമ്മു എന്ന ന്യു ജനറേഷന്‍ റോള്‍ മോഡലിന്റെ അരുമയായ ഫോളോവര്‍ ആണ് അപ്പു. ദുസ്വഭാവങ്ങള്‍ പ്ലേഗ് പോലെയാണ്. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് നേരിട്ട് എത്തിച്ചേരും അതുകൊണ്ട് അപ്പുവിന്റെ അച്ഛന് അമ്മുവിനെ തീരെ ഇഷ്ടമല്ല. കാരണം അത് മാത്രമല്ല അമ്മുവാണ്‌ ക്ലാസ്സില്‍ ഫസ്റ്റ്, അമ്മുവിനറിയാത്ത കാര്യങ്ങളില്ല. പോരാത്തതിന് അപ്പുവിനെപ്പോഴും പരാതിയുമാണ്‌. അമ്മുവിന്‍റെ പുസ്തകത്തിലെ നിറങ്ങള്‍ തന്റെ പുസ്തകത്തിനില്ല. അമ്മുവിന്‍റെ പുസ്തകത്തിലെ ചിത്രങ്ങള്‍ തന്റെ പുസ്തകത്തിലില്ല. ക്വിസ് മത്സരങ്ങളില്‍ അമ്മു ഒന്നാമാതെത്തുമ്പോള്‍ അപ്പു പറയും. "അച്ഛാ ഉത്തരങ്ങളെല്ലാം അമ്മുവിന്‍റെ പുസ്തകത്തിലുണ്ട്". ഒറ്റവാക്കില്‍ അമ്മുവിന്‍റെ പുസ്തകം ഒരു ചെറിയ എന്‍സൈക്ലോപ്പീഡിയയാണ്.

അപ്പുവിന്റെ അച്ഛന്‍ അത്തരമൊന്ന്  തേടാത്ത സ്ഥലങ്ങളില്ല. പലതും പരീക്ഷിച്ചു. അതിലൊന്നും അപ്പു തൃപ്തനല്ല. എവിടുന്നാണ് അമ്മു പുസ്തകം വാങ്ങുന്നത് ? അതപ്പുവിനറിയില്ല അമ്മുവിന്‍റെ അമ്മയാണ് അവള്‍ക്കു വാങ്ങിക്കൊടുക്കുന്നത്. വിശേഷങ്ങള്‍ തീരുന്നില്ല. എല്ലാ വഴികളും അമ്മുവിനോട് ചോദിക്കാം  എല്ലാ സ്ഥലങ്ങളും അമ്മു കൃത്യമായി പറയും. കൂടാതെ സാംസ്കാരിക നായകന്മാര്‍, എഴുത്തുകാര്‍, സംരഭകര്‍, വ്യവസായ പ്രമാണിമാര്‍ എല്ലാവരേയും അമ്മുവിനറിയാം. എല്ലാത്തിനും കാരണം 'അമ്മുവിന്‍റെ പുസ്തകം'.

സഹികെട്ട് ഒരിക്കല്‍ അപ്പുവിന്റെ അച്ഛന്‍ പറഞ്ഞു "നാളെ നീ അമ്മുവിന്‍റെ പുസ്തകം കൊണ്ടുവാ.. "
 പിറ്റേന്നു സായാഹ്നം

"ചെളിയാക്കാതെ തിരികെ കൊണ്ട് വരണം ട്ടോ" എന്ന വാക്കുകള്‍ മാനിച്ച് സൂക്ഷ്മതയോടെ അപ്പു അമ്മുവിന്‍റെ പുസ്തകം ബാഗില്‍ നിന്നും എടുത്ത് അച്ഛന് നല്‍കി. അപ്പുവിനേറെ പ്രിയപ്പെട്ട അമ്മുവിന്‍റെ പുസ്തകം ആകാംഷയോടെ അച്ഛന്‍ കയ്യില്‍ വാങ്ങി.
അയാള്‍ പ്രതീക്ഷിച്ചതുപോലെ അമ്മുവിന്‍റെ പുസ്തകം ഒരു എന്‍സൈക്ലോപ്പീഡിയയോ ക്വിസ്സ് മാസ്ടറോ, മാജിക്ക് പോട്ടോ ആയിരുന്നില്ല. മറിച്ച് ഉപേക്ഷിക്കപ്പെട്ട നിറങ്ങള്‍ തുന്നിക്കെട്ടിയ ഒരു 'സ്ക്രാപ്പ് ബുക്ക് '.

സിനിമാ നോട്ടീസുകള്‍ , കവിയരങ്ങുകള്‍ , സാംസ്കാരിക സമ്മേളനങ്ങള്‍, ടൂര്‍ണ്ണമെന്റുകള്‍, ഉത്സവങ്ങള്‍ , പ്രമുഖസ്ഥാപനങ്ങള്‍, വ്യവസായ സംരഭങ്ങള്‍, ക്ഷണക്കത്തുകള്‍, എന്ന് വേണ്ട ഒരു നാടിന്റെ മുഴുവന്‍ സ്പന്ദനങ്ങളും വിരിഞ്ഞു നില്‍ക്കുന്ന അമ്മുവിന്‍റെ പുസ്തകം ഒരുപുറം മാത്രമേ എഴുതാനാവൂ. അതിന്‍റെ ആദ്യ താളില്‍ വടിവൊത്ത കയ്യക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരുന്നു.

"അമ്മുവിന്‍റെ നിറങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമാണ്. എങ്കിലും... അവള്‍ ഞങ്ങളുടെ പ്രതീക്ഷയാണ്, വിളക്കാണ്,
വെളിച്ചമാണ് - അമ്മുവിന്‍റെ അമ്മ " 

അപ്പുവിന്റെ അച്ഛന്റെ കണ്ണുകളില്‍ ഒരു തിരയിളകി. അമ്മുവിനോടുള്ള ഇഷ്ടക്കേടുകള്‍ ആ തിരകള്‍ കഴുകിക്കളഞ്ഞു. പുസ്തകത്തിലെ വരികള്‍ അയാളെ ശ്വാസം മുട്ടിച്ചു. കാല്‍ നൂറ്റാണ്ടു പിന്നിലെ അയാളുടെ കൊച്ചു വീട്ടിലെ ഒരു ട്രങ്ക് പെട്ടിക്കത്തേക്ക്  അമ്മുവിന്‍റെ പുസ്തകം വിരല്‍ ചൂണ്ടി. ഒന്നുമില്ലായ്മയില്‍ നിന്നും കാഴ്ച്ചയുടെ വിസ്മയിപ്പിക്കുന്ന കൊച്ചു  ജാലകം അമ്മുവിന് മുന്നില്‍ തുറന്നിട്ടിരിക്കുകയാണ് അമ്മുവിന്‍റെ അമ്മ. അതിലൂടെ അവള്‍  കാണുന്നത് അറിവിന്റെ പകരം വെക്കാനാവാത്ത അത്ഭുതലോകമാണ്. അതായിരുന്നു ഏതൊരു കോര്‍പ്പറെറ്റ് ജീവിതത്തിനും  വിലയിടാനാവാത്ത അമ്മുവിന്‍റെ പുസ്തകം.

ഇന്നുമുതല്‍ നിറങ്ങള്‍ ശേഖരിക്കുക എന്നത് അപ്പുവിന്റെയും ജോലിയാണ്. എന്തുകൊണ്ടെന്നാല്‍ അപ്പുവിന്റെ പുസ്തകം പണിപ്പുരയിലുണ്ട്. അവന്റെ ആദ്യ താളില്‍ എന്തെഴുതണം എന്ന് ഇപ്പോള്‍ അപ്പുവിന്റെ അച്ഛനറിയില്ല. കാരണം അപ്പുവിന്റെ നിറങ്ങള്‍ അമ്മുവില്‍നിന്നും ഏറെ വ്യത്യസ്ഥമാണ്. ഒരിക്കല്‍ ജാലകത്തിനകത്തെ ലോകം കാണുമ്പോള്‍ അമ്മു അവളുടെ പുസ്തകത്തിന്റെ മറുപുറം എഴുതാന്‍ തുടങ്ങും. അതിനു മുന്നേ അപ്പു അമ്മുവിന്‍റെ പുസ്തകത്തെക്കുറിച്ചറിയണം. കാഴ്ച്ചയുടെ ആ ജാലകത്തിലൂടെ  അവനും ലോകം കാണണം.  

[Sub : inspired from മുന്‍പേ പോയവര്‍+ പിന്നില്‍ വരുന്നവര്‍+ ഗുരുക്കന്മാര്‍ + കാരണവന്മാര്‍+ കണ്ടതും കേട്ടതുമായ ചില നുറുങ്ങുകള്‍ + + + +]

No comments:

Post a Comment