Social Icons

Saturday, November 15, 2014

ഒരു നാലാംതരം പ്രണയം

നാലാം ക്ളാസിലെ ഫസ്റ്റ് ബെഞ്ചിൽ മൂനാമതിരുന്നിരുന്ന സുന്ദരിപ്പെണ്ണ്. അവളായിരുന്നു 'പ്രിയ'. അതേ നാലാം ക്ലാസിലെ മൂനാമത്തെ ബഞ്ചിന്റെ വക്കുപൊട്ടിയ മൂലയിലിരുന്ന വികൃതിപ്പയനായിരുന്നു സുന്ദരനും സുമുഖനും കൊട്ടാരം കവിയും ആസ്ഥാനസാഹിത്യകാരനുമൊക്കെയായ അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കുന്നവനുമായ  ഞാൻ. പിന്നിലെ ചിലന്തി വലകെട്ടിയ ജാലകത്തിലൂടെ പടിഞ്ഞാറൻ കാറ്റ് മൂട്ടിലടിച്ചപ്പോഴാണ്‌ എനിക്കവളോടൊരു 'ഇത്' തോന്നിയത്. അവൾക്കെതിർപ്പുണ്ടാകാൻ സാധ്യതയില്ലെങ്കിലും നേരിട്ട് പറയാനൊരു പേടി. അതിനൊരുപായം അധികം ചിന്തിക്കാതെ തന്നെ കിട്ടി. ഉടനേ ഞാൻ രണ്ടാമത്തെ ബഞ്ചിലെ പൊട്ടൻ ടോണിയെ ഒന്ന് ഞോണ്ടി.
"ഡാ പ്രിയേടെ റബ്ബർ മേടിച്ച് താ "
'പൊട്ടൻ ടോണി' - സോഡാക്കുപ്പി കണ്ണടവെച്ച് പല്ലുന്തി മൂക്കൊലിപ്പിച്ച് ആരുകണ്ടാലും കാർക്കിച്ചുതുപ്പുന്ന രൂപവുമായി രണ്ടാമത്തെ ബഞ്ചിലിരിക്കുന്ന പൊട്ടൻ ടോണി ഞങ്ങൾക്കിടയിൽ ഒരു വെറൈറ്റി കഥാപാത്രം തന്നെയാണ്.

പൊട്ടൻ വാങ്ങിത്തന്ന ഹൃദയത്തിന്റെ ഷേയ്പ്പുള്ള പ്രിയയുടെ ഗൾഫ് റബ്ബറിൽ കണക്ക് പിരീട് മുഴുവൻ ഇരുന്നു കലാപരമായി 'ഐ ലവ് യു' എന്ന് സ്പെല്ലിങ്ങ് തെറ്റാതെ ഞാനെഴുതി. റബർ തിരിച്ചു ചോദിക്കാനായി അവളിടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. കണക്കുസാറിന്റെ ദൃഷ്ടി പതിഞ്ഞാൽ അന്ന് സംഹാരതാണ്ഡവമാകും. അതിനാൽ വളരെ സൂക്ഷ്മമായാണ് കാര്യങ്ങൾ. പണികഴിഞ്ഞു ടോണിയുടെ കയ്യിൽ തന്നെ റബർ തിരിച്ചു കൊടുത്തു
"ഡാ തിരിച്ചു കൊടുത്തേക്ക് "
ശേഷം സംഗതി അറിയുമ്പോഴുള്ള പ്രിയയുടെ നാണിച്ച പുഞ്ചിരി സ്വീകരിക്കാനായി ഞാൻ കാത്തിരുന്നു. പക്ഷേ പ്രതീക്ഷിച്ച റിയാക്ഷൻ കിട്ടിയില്ല എന്ന് മാത്രമല്ല സംഗതി ചീറ്റിയതിന്റെ നാണക്കേടുമായി . അടുത്തിരുന്ന ബാബുവും സുനിലും എന്നെ കളിയാക്കി.

ഒറ്റ അറ്റംപ്റ്റിൽ തോറ്റു പോകുന്നവനല്ല ചന്തു. ഉടൻ തന്നെ ഒരു ശ്രമം കൂടി നടത്താൻ ഞാൻ തീരുമാനിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും ഒരു അമ്പിളിയമ്മാവൻ തരപ്പെടുത്തി ഇരുപത്തിരണ്ടാമത്തെ പേജിൽ മനോഹരമായിത്തന്നെ ഞാനെന്റെ പ്രണയം വരച്ചിട്ടു. പഴയതുപോലെ കണക്കുസാറിന്റെ ക്ളാസിൽ തലയും ചൊറിഞ്ഞിരുന്ന പൊട്ടൻ ടോണിയെ ഞോണ്ടി.
" ഡാ ഇതവൾക്ക് കൊടുക്കെടാ "
പൊട്ടന് എട്ടും പൊട്ടും തിരിയാത്തത് കൊണ്ട് കുഴപ്പമില്ല. അവന് ചിന്തിക്കാനുള്ള ബുദ്ധിയുമില്ല. പറഞ്ഞാലെന്തും ചെയ്തോളും.

പിറ്റേദിവസം അവൾ വരുന്ന വഴിയിൽ സ്റ്റൈലിൽ ഞാൻ ഞെളിഞ്ഞു നിന്നെങ്കിലും പ്രതീക്ഷിച്ച പ്രതികരണം കിട്ടിയില്ല. അങ്ങനെ ഒരു സംഭവം നടന്ന ലക്ഷണമേ അവളുടെ മുഖത്തുണ്ടായിരുന്നില്ല. സംഗതി വീണ്ടും ചീറ്റി.
മനസ്സ് ചത്തെങ്കിലും മൂന്നാമതൊരു സാഹത്തിനുകൂടി ഞാൻ മുതിർന്നു. നല്ലൊരു ഹംസമായിരുന്നെങ്കിലും ഇത്തവണത്തെ മിഷനിൽ നിന്നും പരീക്ഷണാടിസ്ഥാനത്തിൽ പൊട്ടനെ ഒഴിവാക്കി. ഒരു വെള്ളക്കടലാസിൽ ഇരുന്നൂറു വാക്കിൽ കവിയാതെ ഒരു ഉപന്യാസം എഴുതി അത് മടക്കി ഒരു പ്രണയറോക്കറ്റ് നിർമ്മിച്ച്‌ ഫസ്റ്റ് ബെഞ്ച്‌ ലക്ഷ്യമാക്കി ഒറ്റവിടൽ. സംഗതി ക്ളിക്ക്. അവൾ റോക്കറ്റ് കയ്യിലെടുത്തു മടക്കു നിവർത്തി വായിച്ചു. എന്റെ ചങ്കിടിപ്പുകൾ എനിക്ക് തന്നെ കേൾക്കാവുന്നത്ര ഉച്ചത്തിലായി. വായന കഴിഞ്ഞു അവൾ റോക്കറ്റ് കലാപരമായിത്തന്നെ മടക്കി പുസ്തകത്തിനിടയിൽ വച്ചു. എനിക്ക് സന്തോഷമായി. ഇനി നേരിട്ട് പോയി സംസാരിക്കാമല്ലോ. കാര്യം അവളിങ്ങോട്ടു ചോദിച്ചോളുമല്ലോ. ആ ധൈര്യത്തിൽ അന്നുച്ചയ്ക്ക് ഊണുകഴിക്കാനായി ഞാൻ അവളോടൊപ്പം പോയിരുന്നു. എന്നിട്ടും അവൾ വല്യ മൈൻഡ് വക്കുന്നില്ല . കത്ത് വായിച്ച നാണമൊന്നും മുഖത്തില്ല. എന്റെ കൊച്ചുപാത്രത്തിലെ നാരങ്ങാച്ചാർ ഞാനവൾക്കു നീട്ടി. അവളത് സ്വീകരിച്ചില്ല എന്നു മാത്രമല്ല വേഗം കഴിച്ചു എണീറ്റ് പോകുകേം ചെയ്തു.
അതോടുകൂടി ഞാനാകെ അപ്സെറ്റായി. ഇതിലൊന്നും പെണ്ണ് വളയില്ല എന്നെനിക്കു മനസ്സിലായി. എന്റെ കലാപരമായ കഴിവില്ലായ്മയിൽ അപകർഷതാബോധവും തോന്നി. ആ അമേച്വർ പ്രണയം വഴിയിൽ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. കഥയെഴുത്തും നിർത്തി. ചൂണ്ടയിടാൻ എന്ന വ്യാജേന തോട്ടുവക്കത്തു പോയിരുന്നു സെന്റിയിട്ടു. ഉരുളൻ കല്ലുകൾ ഓരോന്നായി പെറുക്കി തോട്ടിലെ വെള്ളത്തിലിട്ടു. ഇടയ്ക്കെപ്പോഴോ കല്ലു തലയിൽ കൊണ്ട ഒരു കോലാൻ വെള്ളത്തിൽ നിന്ന് തലപൊക്കി മുഖത്ത് നോക്കി നാല് തെറി വിളിച്ചിട്ട് മുങ്ങാം കുഴിയിട്ടു.
പതിയെപ്പതിയെ ഞാനവളെ മറന്നു.
കാലം കടന്നുപോയി. അപ്രതീക്ഷിതമായി ഇന്നു കിട്ടിയ ഒരു ക്ഷണക്കത്താണ് എന്നെ ഇത്രയുമെഴുതിപ്പിച്ചത് . പ്രിയയുടെ വിവാഹമാണ്. വരൻ പൊട്ടൻ ടോണി!!!.

അതായത് കാര്യങ്ങൾ വ്യക്തമാകുന്നു. പൊട്ടനെന്നെ ചതിച്ചു. ഒന്നുമറിയാത്തതുപോലെ ഭാവിച്ചിട്ടു നൈസായിട്ടു പണിതന്നു. ഞാൻ വീണ്ടും മൂഡ്‌ ഔട്ട്‌ ആയി. ദഹിക്കാതെപോയ പഴയ വികാരം വീണ്ടും തികട്ടി വന്നു. ഇതിൽ എനിക്ക് പിടികിട്ടാത്ത ഒരു സംഗതിയുണ്ട് " അവളെങ്ങനെ എന്നെ തഴഞ്ഞ് ആ പൊട്ടനെ ഇഷ്ടപ്പെട്ടു? എന്തുകൊണ്ടും അവനെക്കാൾ നോർമലും സുന്ദരനും സൽസ്വഭാവിയും കവിയും സാഹിത്യകാരനുമൊക്കെയല്ലേ ഞാൻ ? ഇത് ഇങ്ങനെ സംഭവിക്കാൻ യാതൊരു സാധ്യതയുമില്ലല്ലോ... അത്തരത്തിലുള്ള വിവിധതരം ചിന്തകളാൽ ഞാൻ വേട്ടയാടപ്പെട്ടു. പ്രണയത്തിനു കണ്ണും മൂക്കുമില്ല എന്ന് പണ്ടുള്ളവർ പറഞ്ഞത് വളരെ സത്യമായി എനിക്കപ്പോൾ തോന്നി. "ഉം എന്ത് പറഞ്ഞാലെന്താ ആ പൊട്ടനെയല്ലേ അവൾക്കു കിട്ടിയത് . അനുഭവിക്കട്ടെ..." എന്ന് ചിന്തിച്ച് ഞാൻ സമാധാനിച്ചു. പക്ഷേ അവളുടെ ഫെയ്സ് ബുക്ക് തിരഞ്ഞപ്പോഴാണ് പൊട്ടന്റെ ഫോട്ടോ കണ്ടത്. പൊട്ടൻ പഴയ ആളേ അല്ല ഷാരൂഖ് സ്റ്റൈലിൽ ഒരു ചുള്ളൻ. ബുദ്ധിയുടെ കാര്യത്തിലും അവൻ തന്നെ മുമ്പൻ എം. ബി. ബി. എസ്, എം. ഡി, എഫ്. ആർ. സി. എസ്, ലണ്ടൻ! പ്രണയം ഒരാളുടെ ജീവിതത്തിൽ കൊണ്ടു വരുന്ന അത്ഭുതാവഹമായ മാറ്റങ്ങൾ! അവളവനെ അവളുടെ ആഗ്രഹങ്ങൾക്കൊപ്പിച്ചു വളർത്തിയെടുത്തിരിക്കുന്നു. അതാണു പെണ്ണിന്റെ കഴിവ്! 
ഇത് കണ്ടപ്പോൾ എനിക്ക് വീണ്ടും നിരാശയായി. സമാധാനിക്കാൻ കാരണങ്ങളില്ല. സെന്റിയിടാനായി ഞാൻ പഴയ തോട്ടുവക്കിൽ പോയിരുന്നു. കല്ലെടുത്തെറിയും മുൻപേ കോലാൻ തല പൊക്കി കലിപ്പിട്ടു. എന്തായാലും എന്നാൽ കഴിയുന്നത് ചെയ്യണമല്ലോ. എന്റെ ആത്മാർത്ഥപ്രണയം കണ്ടില്ലെന്നു നടിച്ച അവളും എന്നെ ചതിച്ച് അവളെ തട്ടിയെടുത്ത പൊട്ടനും കുത്തുപാളയെടുത്ത് പണ്ടാരമടങ്ങിപ്പോണേ എന്ന് ഞാൻ പ്രാർത്ഥിച്ചു .
  പിന്നീടെപ്പോഴോ വെറുതേ ഞാൻ എന്റെ പഴയ ട്രങ്ക് പെട്ടി തുറന്ന് ആദ്യപ്രണയത്തിന്റെ അവശിഷ്ടങ്ങൾ തിരഞ്ഞു. ഹാർട്ട് ഷേപ്പ്ഡ്‌ റബ്ബറും, അമ്പിളിയമ്മാവനും പ്രണയറോക്കറ്റും മേശപ്പുറത്ത് നിരന്നു നിരന്നിരുന്നു. അപ്പോഴാണ്‌ പ്രണയത്തിനു കണ്ണും മൂക്കം മാത്രമല്ല 'ബുദ്ധിയുമില്ല' എന്ന ട്വിസ്റ്റ്‌ വെള്ളിടി പോലെ തലയ്ക്ക് മുകളിൽ വെട്ടിയത്. എട്ടും പൊട്ടും തിരിയാത്ത പൊട്ടന് അവളോടുള്ള എന്റെ പ്രണയത്തിന്റെ കഥയറിയില്ല. തന്റെ കഥയിലെ രാജകുമാരനെ ആത്മാര്തമായി സ്നേഹിച്ചതല്ലാതെ അവൾക്കും മൂന്നാമനെപ്പറ്റിയറിയില്ല. ലോട്ടറിയെടുക്കാത്ത പൊട്ടനു ലോട്ടറിയടിച്ചതോ അടിച്ച ലോട്ടറി കാര്യമറിയാതെ പൊട്ടനു മറിച്ചു വിറ്റതോ എന്ന് എനിക്ക് കണ്‍ഫ്യുഷനായി. സംഗതി ഇതാണ്.
മൂന്ന് കുറിപ്പടിയിലും ഞാൻ എന്റെ പേര് എഴുതിയിട്ടില്ലായിരുന്നു...

No comments:

Post a Comment