Social Icons

Sunday, February 14, 2016

'സുനന്ദ'

 ഒരു ഓണക്കാല സായാഹ്നം . പ്ലമ്പിംഗ് ജോലി കഴിഞ്ഞു മടങ്ങുകയാണ് സോമശേഖരൻ. അലക്കി തേച്ചു മടക്കിയ ഷർട്ടും കള്ളിമുണ്ടും വേഷം. കക്ഷത്തിലെ ബാഗിൽ ടൂൾസ്, ബലിഷ്ടമായ ചുവടുകളിൽ വള്ളിച്ചെരുപ്പിന്റെ കിരു കിരു സംഗീതം. വിപ്ലവം തുടിക്കുന്ന ആ കണ്ണുകൾക്ക് ഒരേ ഒരു ലക്‌ഷ്യം. ഓണം പ്രമാണിച്ച് പുഞ്ചിരി ബാർ ഇൽ പുതിയൊരു ഐറ്റം വന്നിട്ടുണ്ടത്രേ.

  സൂര്യനസ്തമിച്ചു. പുഞ്ചിരി എന്ന ബോർഡ് ആയിരം വാട്സ് ഇൽ ചിരിച്ചു. സോമേട്ടന്റെ മടിശീല അഴിഞ്ഞു തൂങ്ങി. മുന്നിലെ ഗ്ലാസിലെ അവസാനത്തെ തുള്ളിയും നക്കിയെടുത്ത് അയാളെഴുന്നേറ്റു. ടൂൾ കിറ്റ്‌ ഒഴിഞ്ഞ മദ്യക്കുപ്പിക്ക് കൂട്ടായി അവിടെത്തന്നെയിരുന്നു. അയാളുടെ ചുവടുകളിൽ ഇപ്പോൾ വള്ളിച്ചെരുപ്പിന്റെ അപതാളം, കണ്ണുകളിൽ പാതിയടഞ്ഞ വിപ്ലവം. ചുണ്ടിലൊരു മൂളിപ്പാട്ടുമായി മന്ത്രി ബാബുവിനേം തെറി വിളിച്ച് സോമേട്ടൻ വീട്ടിലേക്ക് നൃത്തം വെച്ചു.

   കവലകളും റോഡുകളും ആടി, ചൂണ്ടു പലകകളും ഫ്ലക്സ് കളും ആടി, എന്തിന് കവിതയിൽ പോലും ആടാത്ത ചെന്തെങ്ങിൻറെ കുലയടക്കം എല്ലാ കുലകളും ആടി. ഇനി ഇടവഴി. ഒറിജിനൽ ഇഴജന്തുക്കളുടെ താവളം. അതിനപ്പുറം വയൽ, പിന്നെ മുത്തശ്ശിക്കഥയിലെ ചുടലയക്ഷിയുടെ കാവ്. മൂന്നും സോമേട്ടന് വിഷയമല്ല. ഇപ്പോഴത്തെ അവസ്ഥയിൽ ഒട്ടുമല്ല. റേഡിയോ മാങ്ങ പറയും പോലെ വീട്ടിലേക്ക് ഇനി നാല് പാട്ട് ദൂരം.
മാനത്ത് വിരിഞ്ഞ ഓ.സി.ആർ ൻറെ നിലാവെളിച്ചം അയാൾക്ക്ക് വഴികാട്ടി. നക്ഷത്രങ്ങൾ അയാളുടെ തലയ്ക്കു ചുറ്റും വട്ടമിട്ടു. പാമ്പുകൾ ബഹുമാനത്തോടെ ആ നൃത്തച്ചുവടുകൾക്ക് വഴിമാറി. ഇടവഴിയിലെ നൃത്തം കഴിഞ്ഞു. ഇനി വയൽ. മുടങ്ങാതെ തെറി വിളിക്കുന്ന മാക്കാച്ചി അന്നും അവിടെയുണ്ട്. പക്ഷെ അന്നവന്റെ അപതാളം സോമേട്ടന് പിടിച്ചില്ല. ഒട്ടും വൈകിച്ചില്ല ഉള്ളിൽ കാത്തു വെച്ചിരുന്ന ഉടവാൾ ഊരി ആഞ്ഞൊരു വെയ്പ്പ്. മാക്കാച്ചി തവളയ്ക്ക് കാണാതായ തന്റെ സഹധർമ്മിണിയെ തിരിച്ചു കിട്ടി.
ഇനി യക്ഷിക്കാവ്. ആരെയും ഗൗനിക്കാതെ കാവടിയാടി വരുന്ന സോമേട്ടനെ അവൾ കാത്തു നിന്നിരുന്നു . ജീൻസും ടീഷർട്ടുമിട്ട് കയ്യിൽ ഐഫോണുമായി സാക്ഷാൽ ചുടലയക്ഷി. ടീഷര്ട്ട്മാറിടത്തിൽ വീണു കിടന്ന അവളുടെ മുടിയിഴകൾ തിളങ്ങി. കാവിലെ വള്ളികൾക്ക് ജീവൻ വച്ചു. കരിയിലകൾ അനങ്ങി. കാറ്റിന്റെ താളത്തിൽ അവൾ വിളിച്ചു. '' സോമേട്ടാ... '' സോമൻ ആടിത്തിരിഞ്ഞു നോക്കി. മുറ്റത്തൊരു യക്ഷി.
"ആരാടി നീ...?" അവൾ പുഞ്ചിരിച്ചു
"എന്നെ അറിയില്ലേ ഞാൻ സുനന്ദ... " സോമേട്ടൻ പുച്ഛിച്ചു
" ആര് ? "
"സുനന്ദ... ഈ കാവിലെ യക്ഷി... കേട്ടിട്ടില്ലേ എന്നെപ്പറ്റി?" സോമൻ ഓർത്തെടുത്തു
"ഓ ഉവ്വ്... അയിനിപ്പോ ഞാൻ എന്നാ വേണം ? "
"സോമേട്ടൻ എനിക്ക് മോക്ഷം തരണം." സോമൻ പല്ലിളിച്ചു
"ഇന്നിപ്പോ എന്റെ കയ്യിൽ ഒന്നുല്യ നീ പോയിട്ട് അടുത്ത വെള്ളിയാഴ്ച്ച വാ " പക്ഷേ സുനന്ദ വിട്ടില്ല
"അങ്ങനെ പറയരുതേ സോമേട്ടാ സോമേട്ടൻ വരണം കുറച്ചുനേരം എന്റെയടുത്ത് ഇരിക്കണം. എനിക്ക് മോക്ഷം തരണം. ഒരുപാട് നാളായി ഞാനീ കാവിൽ കാത്തിരിക്കുന്നു" . തികഞ്ഞ അവിശ്വാസിയായ സോമശേഖരൻ ആലോചിച്ചു.
"സുനന്ദ.... ഇവൾ യക്ഷിയാവാൻ വഴിയില്ല. പക്ഷേ എഫ് ബിയിലും വാട്സ് ആപ്പിലും വരെ അപഥനിശാസഞ്ചാരികൾ നിരവധിയുള്ളപ്പോ ഇവൾക്ക് കിളവനായ തന്നെ എന്തിനാ? " വൈകാതെ സോമേട്ടൻ ഒരു തീരുമാനത്തിലെത്തി.
"എന്ത് നഷ്ടപ്പെടാൻ പോയാൽ കുറച്ചു സമയം കിട്ടുന്നതോ ഒരു ചരക്ക്... ആരും മിസ്സ്‌ ചെയ്യാത്ത അവസരം. എന്തേലും ആവട്ടെ ഇവൾക്ക് മോക്ഷം കൊടുത്തുകളയാം". സോമേട്ടൻ സമ്മതം മൂളി. കണ്ണുകൾ തമ്മിലിടഞ്ഞു, കൈകൾ തമ്മിൽ കൊരുത്തു, സോമേട്ടൻ സുനന്ദയുടെ മാറിലേക്ക് ഇഴഞ്ഞു. കൽവിളക്കുകൾ പിടഞ്ഞു.

  ട്രിപ്പിൾ എക്സ് കുപ്പിയിൽ തിരിയിട്ടു കത്തിച്ച മണ്ണെണ്ണവിളക്ക് എരിഞ്ഞു കൊണ്ടിരുന്നു. റോഡരികിലെ വീട്ടിൽ ഫ്യൂസൂരിയ മെയിൻ സ്വിച്ചിന്റെ കീഴിൽ ഇരുന്നു സോമേട്ടന്റെ മകൾ പഠിക്കുകയാണ്. പെറുക്കി വിറ്റ മദ്യക്കുപ്പികൾ കഞ്ഞിയുടെ രൂപത്തിൽ അടുപ്പു കല്ലിനു മുകളിൽ ഇരുന്നു തിളയ്ക്കുന്നു. അടുപ്പിലൂതി താളത്തിൽ ചുമച്ച് സോമേട്ടന്റെ സഹധർമ്മിണി മകൾക്കരികിലുണ്ട്. മണ്ണെണ്ണ വിളക്കിന്റെ നാവു വരണ്ടു തുടങ്ങി. വെളിച്ചവും മങ്ങി. മകൾ തിരക്കി "അച്ഛനെന്താ വരാത്തെ അമ്മേ " പുകഞ്ഞ കണ്ണു തുടച്ച് വികാരാധീനയായി അമ്മ പറഞ്ഞു "ഷാപ്പ്‌ പൂട്ടിക്കാണില്ല മോളേ... അല്ലാതെ അച്ഛനെങ്ങനെയാ വരിക " പതിയെ പതിയെ വിളക്കണഞ്ഞു. വായനയും നിന്നു. ആ ദിവസം അങ്ങനെ അവസാനിച്ചു.

 അടുത്ത പുലരിയിൽ നാട്ടുകാർക്ക് ആഘോഷിക്കാൻ ഒരു വാർത്തയുണ്ടായിരുന്നു. മുത്തശ്ശിമാർക്ക് ഒരു കഥയും. യക്ഷിക്കാവിലെ ചതുപ്പിൽ സോമശേഖരൻ വിറങ്ങലിച്ചു കിടപ്പുണ്ട്. മാറോടു ചേർത്തു വെച്ച 'സുനന്ദ' എന്ന ലേബലൊട്ടിച്ച കുപ്പിയിൽ നിയമപ്രകാരമുള്ള ഒരു മുന്നറിയിപ്പും. "മദ്യപാനം ആരോഗ്യത്തിന് ഹാനികരം"

1 comment: