Social Icons

Featured Posts

Monday, April 3, 2017

യുവജനോത്സവം... 2017

#യുവജനോത്സവം
------------------------------
ദി ഗ്രേറ്റ് ഫാദറിന് ടിക്കറ്റ് എടുക്കാൻ സമ്മതിക്കാത്ത സിൻഡിക്കേറ്റ് ബാങ്കിനോടും ബുക്ക് മൈ ഷോ ആപ്പിനോടുമുള്ള കടുത്തദേഷ്യം ഒരു പഴുക്കാത്ത പഴം പൊരിയിലും മൊരിഞ്ഞ സുഖിയനിലും ചവച്ചൊതുക്കി നിൽക്കുമ്പോഴാണ്      യൂണിവേഴ്‌സിറ്റി കോളേജിന്റെ യുവജനോത്സവബാനർ കണ്ടത്. എന്നാപ്പിന്നെ കലാസ്വാദകൻ എന്ന വ്യാജേന  വായ്നോക്കിക്കളയാം എന്ന് തീരുമാനിച്ചു. അങ്ങനെയൊരു ദുരുദ്ദേശത്തോടെ ഞാൻ       യൂണിവേഴ്സിറ്റി കോളേജ് കാമ്പസ്സിൽ കടന്നു. പാളയം ജംക്ഷനിൽ തേരാപ്പാരാ തിരിഞ്ഞുകളിക്കാൻ തുടങ്ങിയിട്ട് വര്ഷം രണ്ടായെങ്കിലും       ഈ കോളേജിനുള്ളിലേക്ക്  ഇതുവരെ എന്റെ ചിന്തകൾ പോലും സഞ്ചരിച്ചിട്ടില്ല. അകത്തു കടന്നപ്പോൾ എല്ലാവരും അവരവരുടെ ലോകത്തു തിരക്കിലാണ്.  ഒരു തിരക്കുമില്ലാത്തത് എനിക്കുമാത്രം. ഒന്നും മനസ്സിലായില്ലെങ്കിലും  സെറ്റുടുത്ത വെള്ളപ്പെണ്ണുങ്ങളുടെ സംഘഗാനവും, മാർഗ്ഗം കളിയും  കേരള നടനവുമൊക്കെ ഒരു കിഴങ്ങനെപ്പോലെ നിന്ന്  കുറെ നേരം ആസ്വദിച്ചു. ആകെ ഒരു മൂഞ്ചിഫിക്കേഷൻ തോന്നിത്തുടങ്ങിയപ്പോൾ മെല്ലെ ഞാൻ ഇടനാഴികളിലേക്ക് ചേക്കേറി. റോഡിരുവശങ്ങളിലുമായി നടന്നെത്താൻ പോലും പ്രയാസമെന്നോണം  ഏക്കറുകളിൽ പരന്നു കിടക്കുകയാണ്  കേരളത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റി.  ഒറ്റ നോട്ടത്തിൽ ഒരു ചെങ്കോട്ട. നിറം  കൊണ്ടും ഭാവം കൊണ്ടും എല്ലാ ചുമരുകളിലും വിപ്ലവം തുടിക്കുന്നു. ചെഗ്വേരയും ഭഗത് സിങ്ങും ചിലയിടങ്ങളിൽ മെക്സിക്കൻ അപാരതയും ചുവർ ചിത്രങ്ങളായിരിക്കുന്നു. ഓരോ ഇടനാഴിയും വാതിലുകളും ജാലകങ്ങളും പഴമയുടെ പ്രതാപം വിളിച്ചു പറയുന്നു. ഇവിടെ ഇങ്ങനെ   അന്തംവിട്ടു നിന്നപ്പോഴാണ് ഒരു fact മനസ്സിലേക്ക് വന്നത്   നാലു കൊല്ലം എൻജിനീയറിങ് എന്ന വ്യാജേന  പ്രൊഫഷണൽ കോളേജ് നിരങ്ങിയെങ്കിലും മനസ്സിൽ ഇതുപോലൊരു മട്ടുപ്പാവിലെ  വൈഡ് ഫ്രെയിം വ്യൂ ഇല്ല, ഇതുപോലൊരു ജാലകക്കാഴ്ചയുടെ ഇമ്പമില്ല. പൂമരച്ചോട്ടിലെ മഴയില്ല. ഇടനാഴിയുടെ പ്രണയത്തിന്റെ സംഗീതവും കാര്യമായി സൗഹൃദകഥകളുടെ സുഗന്ധവുമില്ല. ചുരുക്കത്തിൽ  ഒരു മാങ്ങാത്തൊലിയും തേങ്ങാപ്പിണ്ണാക്കുമില്ല... ഉള്ളതോ ലോഡ് കണക്കിന് പുച്ഛവും കുന്നോളം അഹങ്കാരവും  പരിഹാസവും പാർഷ്യാലിറ്റിയും, ജയിലിനേക്കാൾ സ്ട്രിക്ട് ആയ നിയമങ്ങളും  പിന്നെ കൂനിന്മേൽ കുരു പോലെ സപ്ലിയും. ഇതിൽ നിന്നൊക്കെ പുറത്തുവരുന്ന     ഒരു കിളിപോയ സാധാരണക്കാരൻ പയ്യൻ സമൂഹത്തിൽ ഒരു മണ്ടൻ ആയിരിക്കും എന്നതിൽ ഒരു സംശയവും ഇല്ല.  അതുകൊണ്ട് പിള്ളേരെ...  പിന്നാലെ വരുന്നവരോട് ഒന്നേ പറയാനുള്ളൂ. എൻജിനീയറിങ് കോളേജ് ഉം പ്രൊഫഷണലിസവും ഒക്കെ ജാഡയ്ക്ക് നല്ലതു തന്നെയാണ്. എന്നാലും കുറച്ചുനാളെങ്കിലും ജീവിതം കാണണം. കുറച്ചുനാളെങ്കിലും ഇതുപോലൊരു കോളേജിന്റെ ഭാഗമാവണം. കഴിയുമെങ്കിൽ , ദൈവത്തിന്റെ സ്വന്തം നാട്ടിൽ, ഇതുപോലൊരു കോളേജിൽ നിന്ന് ഒരു ഡിഗ്രി എടുക്കണം... അങ്ങനെയെങ്കിൽ അനുഭവങ്ങളാലെങ്കിലും നിങ്ങൾ സമ്പന്നരായിരിക്കും. കുറച്ചു നേരമേ ഇവിടെ ചിലവഴിച്ചുള്ളൂ എങ്കിലും ഇന്ന്     ഇവിടുന്നിറങ്ങിപ്പോരുമ്പോൾ  എന്റെ ഓർമ്മയിലുള്ളത്  ഇവിടെക്കണ്ട മാന്മിഴിക്കാരികളുടെ മൊഞ്ചും നീളൻ മുടിക്കാരികളുടെ കൊഞ്ചലുമൊന്നുമല്ല. മറിച്ച് പറഞ്ഞറിയിക്കാനാവാത്ത നൊസ്റാൾജിയയുടെ ഒരു  കേരളീയ അപാരതയാണ്. നൂറ്റിയന്പതിൽ പരം വര്ഷങ്ങളുടെ പ്രണയവും സൗഹൃദങ്ങളും വിരഹവും വിപ്ലവവും നെഞ്ചേറ്റി പുഞ്ചിരിച്ചു നിൽക്കുന്ന ഈ കലാലയമുത്തശ്ശിയുടെ മനസ്സാണ്.