Social Icons

Thursday, February 23, 2017

സാമൂഹ്യപാഠം


ഞാനന്നു മൂന്നിലോ നാലിലോ ആണ്. നോട്ടെഴുതിച്ചിട്ട് പിറ്റേന്നു ചോദ്യം ചോദിച്ച് ചൂരൽ പ്രയോഗം നടത്തുന്ന ഒരു പ്രത്യേക ദുരാചാരം സ്കൂളുകളിൽ നിലനിന്നിരുന്ന കാലഘട്ടമായിരുന്നു അത്. 
"ഞാനിന്നലെ വന്നണ്ടായില്ല ടീച്ചറേ..." എന്ന എക്സ്ക്യൂസിനു ഒരു ദിവസത്തെ ആയുസേ ഉള്ളൂ. പിറ്റേന്നു പഠിച്ചു പറഞ്ഞു കേൾപ്പിച്ചില്ലെങ്കിൽ ഉറപ്പായും അടി കിട്ടും. അതുകൊണ്ടുതന്നെ വരാത്ത ദിവസത്തെ നോട്ടുതെണ്ടൽ ഒരു വലിയ പണിയാണ്. ആരും തരില്ല. കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എല്ലാർക്കും പഠിക്കണം.

എനിക്കന്നു സാമാന്യം ഭേദപ്പെട്ട ടെൻഷനുണ്ടായിരുന്നു. കാരണം ഞാൻ തലേന്ന് വന്നണ്ടായില്ല. അന്ന് ക്ലാസിലുള്ള എല്ലാ പഠിപ്പിസ്റ്റുകളോടും ഞാൻ തലേന്നത്തെ സാമൂഹ്യപാഠം നോട്ടു ചോദിച്ചു. ആരും തന്നില്ല. ചോദിച്ച് ചോദിച്ച് ഒടുവിൽ ചൂരൽക്കഷായം വലിയ പ്രശ്നമല്ലാത്ത ഷിയാസ് 
 "ക്ലാസിലിരുന്ന് എയ്തിക്കോ വീട്ടീ കൊണ്ടോവാൻ പറ്റൂല്ല" എന്ന കണ്ടീഷനുമേൽ നോട്ടു തന്നു. പക്ഷേ സമാധാനത്തോടെ എഴുതാനിരുന്നപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. അവനെഴുതിയിരിക്കുന്നത് തീരെ വായിക്കാൻ പറ്റുന്നില്ല. ചിലയിടങ്ങളിൽ മലയാളമാണോ അറബിയാണോ എഴുതിയിരിക്കുന്നത് എന്ന് വരെ സംശയം. ഒടുവിൽ എന്റെ കഷ്ടപ്പാടുകണ്ടു മനസ്സലിഞ്ഞ് അവൻ തന്നെ രക്ഷയ്ക്കെത്തി. 
"ഡാ... നീ ഏയ്‌തിക്കോ... ഞാൻ പറഞ്ഞേരാം " അതുകേട്ടപ്പോൾ എനിക്ക് വലിയ സന്തോഷമായി. ആരും സഹായിക്കാനില്ലാതിരുന്നപ്പോൾ ബുക്ക് തരികയും മാത്രമല്ല 'കുഴിക്കണ്ടം' ബോയ്സിന്റെ കൂടെ ഇടികൂടേണ്ട വിലയേറിയ സമയം എനിക്കുവേണ്ടി പാഴാക്കി സാമൂഹ്യപാഠം പറഞ്ഞു തരികയും ചെയ്യുന്ന പ്രിയ 'നൻപൻ' എനിക്ക് വളരെ വലിയവനായി തോന്നി.

"ആദ്യം 'അ' ന്നെയ് ത് " അവൻ പറഞ്ഞു തുടങ്ങി. ഞാൻ 'അ' എന്നെഴുതി. "ഇന്നി 'ഴ് ' ന്നെയ് ത് " ഞാൻ ഉടനെ 'ഴ് ' ന്നെയ് തി. "ഇനി 'യി' അതും ഞാനെഴുതി. പിന്നെ 'ലെ' അങ്ങനെയങ്ങനെ കുറച്ചങ്ങോട്ട് നീങ്ങിയിട്ടും എനിക്ക് കാര്യം പിടികിട്ടുന്നില്ല. കുറച്ചൊക്കെ അങ്ങനെ അട്ജസ്റ്റ് ചെയ്‌തെങ്കിലും സഹികെട്ടപ്പോൾ ഞാൻ ചോദിച്ചു. 
"ഡാ... ഇതെന്തുന്നാ?... ഇനിക്കൊന്നും മനസ്സിലാവണില്ലല്ലോ" പക്ഷേ ഷിയാസിന് യാതൊരു കൂസലുമില്ലായിരുന്നു. 
 "അത് ഇൻക്കും അറിയാമ്പാഡില്ല... ടീച്ചറ് ഇങ്ങനേണു എഴുതിത്തന്നേ. നാളെ ചോയ്ക്കും. വേണേലെഴുതീടുക്ക്... " ടീച്ചർ പറഞ്ഞതാണെങ്കിൽ പിന്നെ അപ്പീലില്ലല്ലോ... അതു ശരിയായിരിക്കും. അതുമാത്രമല്ല തൽക്കാലം വേറെ രക്ഷയൊന്നുമില്ല... എഴുതുക തന്നെ.

"നീ ബാക്കി പറ" എന്ന് ഞാൻ. പിന്നെ അവൻ പറഞ്ഞതുതന്നെ ഞാനെഴുതി. ' ദ്യ' ന്നെയ്തി, ' ത്ത' ന്നെയ്തി, 'വ' ന്നെയ്തി, 'സം' ന്നും എഴുതി. പിന്നെ " 'ഞാ' യും 'യാ' യും ചേർന്ന ഒരു അഷരം അതെന്താന്ന് അറിയാമ്പാള്ളാ നീ ഇത് നോക്കി ഇങ്ങനേന്നെ എയ്തിക്കോ " ഇത് പറയുമ്പോഴും അവന്റെ കോണ്‍ഫിഡൻസിനു യാതൊരു കുറവുമുണ്ടായിരുന്നില്ല.
പിന്നെ 'സ' ന്നെയ്‌തി 'യ' ന്നെയ്‌തി 'ന' ന്നെയ്തി അങ്ങനെ ഒരു ഇടത്തരം പാരഗ്രാഫ് പൂർത്തിയാക്കി. പക്ഷേ എഴുതിയത് കൂട്ടിവായിച്ചപ്പോ മാത്രം എന്തോ ഒരു വശപ്പെശക്... എവിടെയോ ഒരു മനസ്സിലാവായ്ക. എന്നാലും അതൊക്കെ അട്ജസ്റ്റ് ചെയ്യാനുള്ള പക്വത അന്നേ എനിക്കുണ്ടായിരുന്നതിനാൽ സന്തോഷത്തോടെ ഞാൻ ബുക്ക് മടക്കി.
രാത്രിയേ പഠിക്കാനിരിക്കൂ. പക്ഷേ വീട്ടിൽ വേറെയൊരു ചടങ്ങുണ്ട്. എന്റെ കയ്യക്ഷരം വളരെ നല്ലതാണെന്നും അതുവായിച്ചു പഠിച്ചാൽ ഞാൻ നല്ല മാർക്കു വാങ്ങുമെന്നും നന്നായി അറിയാവുന്നതുകൊണ്ട് എന്റെ നോട്ടുകളുടെയെല്ലാം ഒരു ഫെയർ കോപ്പി നല്ല വടിവൊത്ത കയ്യക്ഷരത്തിൽ ഒരാൾ എഴുതി സൂക്ഷിക്കുന്നുണ്ട്. വേറെയാരുമല്ല എന്റെ അമ്മതന്നെയാണ്. പ്രാഥമീക വിദ്യാഭ്യാസം മുഴുവനും കർണ്ണാടക സ്റ്റേറ്റിലായതുകൊണ്ട് അമ്മയ്ക്ക് മലയാളത്തിൽ അത്ര പ്രാവീണ്യം പോരാ. എന്നാലും കഷ്ടപ്പെട്ട് തപ്പിപ്പിടിച്ച് അമ്മ അത് മുഴുവൻ വായിക്കും. എഴുതി വയ്ക്കുകയും ചെയ്യും. അതു പഠിച്ചാണ് ഞാൻ പരീക്ഷ ജയിക്കാറുള്ളത്. സ്‌കൂളിൽനിന്നും തിരിച്ചുവന്ന് ബാഗ് കസേരയിൽ കൊണ്ടുവയ്ക്കുമ്പോഴേക്കും അമ്മ ചോദിച്ചു തുടങ്ങും. 
"ഇന്നെന്തൊക്കെ എടുത്തു ?" 
"മലയാളോം കണക്കും സാമൂഹ്യോം". ലിസ്റ്റ് കിട്ടിയാൽ ഉടനെ ബുക്കെടുത്തു പരിശോധിക്കലായി. ഞാനപ്പോഴേക്കും കളിക്കാനോടാനുള്ള തിരക്കിലായിരിക്കും. ഇത്തവണ ഈ ബുക്ക് കണ്ടതോടെ അമ്മ വിളിച്ചു 
"ഡാ... ഇവിടെ വന്നേ.. " ചീത്ത കേക്കും മുന്നേ ഞാൻ ഓടിച്ചെന്നു. 
നീ എന്തുന്നാ എഴുതി വെച്ചേക്കണേ? " ഗൗരവകരമായ ഒരന്വേഷണം.
"ദു പോവാത്ത ദൂസത്തെ നോട്ട്... " എന്റെ ഉത്തരം സിമ്പിൾ... പക്ഷേ അമ്മ വിടാൻ ഭാവമില്ല 
"ഇതൊന്നു വായിച്ചേ..." ഞാൻ ഒരു മടിയും കൂടാതെ ആ ശ്ലോകമങ്ങു ചൊല്ലി.

"അയിഴ് ലെകെആച്ചാ ആഏവദിസൾ ആഴ് യിലആ ത്തെവ സഞായ ആഴ് യിലസാ അനത്തവ ദസിശ ന." ഏകദേശം അതിങ്ങനെയായിരുന്നു. കേട്ടയുടനേ അമ്മ ചോദിച്ചു 
"എന്നുവെച്ചാൽ എന്തുന്നാ ?" ഞാൻ നൻപൻ പറഞ്ഞ അതേ ഡയലോഗ് പറഞ്ഞു 
"ആ... അറിയാംപാള്ള... ടീച്ചർ ഇതാണ് എഴുതിത്തന്നേ... നാളെ ഇദ് ചോയ്ക്കും, പഠിച്ചോണ്ടോണം. ദൊക്കെ ഭയങ്കര പാടാ പഠിക്കാൻ. " 
പക്ഷേ അമ്മയ്ക്കെന്തോ അതത്ര വിശ്വാസം വന്നില്ല. അമ്മ പിന്നെയും ചോദിച്ചുകൊണ്ടേയിരുന്നു. 
 "ഏതു ടീച്ചറാഡാ ഇതെഴുതിച്ചേ?". 
 "സാമൂഹ്യം ടീച്ചർ... " ഇത് കഷ്ടി മുഴുവൻ പറഞ്ഞിട്ട് ഞാൻ കളിക്കാനോടി. കളി എന്നൊക്കെ പറഞ്ഞാൽ അടുത്ത വീട്ടിലെ 'അപ്സര' ലോറി മിക്കവാറും ദിവസങ്ങളിൽ അഞ്ചുമണിയാവുമ്പോഴേക്കും ഷെഡ്‌ഡിൽ കേറ്റും. ലാലേട്ടൻ സ്റ്റൈലിൽ അതിൻറെ ഡ്രൈവർ കാബിനിലേക്ക് വലിഞ്ഞു കേറിയിട്ട് ബാക്കിലെ ക്യാരിയർ വഴി താഴെ ഇറങ്ങും. പിന്നെയും ഇതുതന്നെ ചെയ്യും. മനസ്സിലപ്പോൾ ലോറി കരിങ്കൽ ക്വാറി വഴി അതിസാഹസികമായി ഓടുകയായിരിക്കും. "വിളക്ക് കത്തിക്കാൻ സമയമായി..." എന്ന അമ്മയുടെ അനൗൺസ്‌മെന്റ് മുഴങ്ങും വരെ ഇത് തുടരും.

അന്ന് കളികഴിഞ്ഞു തിരിച്ചുവന്നപ്പോഴേക്കും അമ്മ ആ ബുക്കെടുത്തു കയ്യിൽ തന്നു. അതിൽ ആ സാമൂഹ്യപാഠം പസിൽ അണ്‍ലോക്ക് ചെയ്തു വച്ചിരുന്നു. ചെവിക്കൊരു കിഴുക്ക് തന്നിട്ട് അമ്മ അത് പഠിക്കാൻ എന്നോട് പറഞ്ഞു.
വലിയൊരു നാണക്കേട്‌ അങ്ങനെ ഒഴിവായി. ടീച്ചറോട് ഇതു പറഞ്ഞിരുന്നുവെങ്കിൽ അതു ക്ലാസിൽ മുട്ടൻ കോമഡിയായേനെ എന്നുമാത്രമല്ല ഇതെഴുതുമ്പോൾ എന്റെ ചന്തിയിലെ 'പഴുത്ത മാങ്ങയുടെ ഫോട്ടോസ്റ്റാറ്റും' ഇതോടൊപ്പം പോസ്റ്റ്‌ ചെയ്യേണ്ടി വന്നേനേ...
സാമൂഹ്യം ടീച്ചറുടെ ആ ഉത്തരാധുനീക കവിത, അമ്മ മലയാളത്തിലേക്ക് ഇങ്ങനെയാണ് വിവർത്തനം ചെയ്തത്.
"ആഴ്ചയിൽ ആകെ ഏഴു ദിവസങ്ങൾ. ആഴ്ചയിലെ ആദ്യത്തെ ദിവസം 'ഞായർ'. ആഴ്ചയിലെ അവസാനത്തെ ദിവസം 'ശനി'. "
ഓർമ്മവെച്ചനാളിലെ ആ പുസ്തകം ഇന്ന് മറിക്കുമ്പോഴും എനിക്കത്ഭുതമാണ്. അമ്മയേക്കാൾ നന്നായി മലയാളമറിയാമെന്ന അഹങ്കാരമുണ്ടെങ്കിലും ഇന്നും ഞാനത് ഇങ്ങനെ വായിക്കില്ല. ആ നിലയ്ക്ക് പ്രാഥമീകവിദ്യാഭ്യാസം മുഴുവൻ പുറം നാട്ടിൽ ചെയ്ത, മലയാളം അത്ര വശമല്ലാത്ത ഒരാൾക്ക് എങ്ങനെ അത് സാധിച്ചു ?
അതിനൊരുത്തരമേയുള്ളൂ 'അമ്മ'യെന്ന വികാരം ഭാഷയ്ക്കും ദേശത്തിനും കാലത്തിനുമതീതമാണ്. മറ്റൊന്നുമറിയില്ലെങ്കിലും ആ സ്നേഹത്തിനു തന്റെ കുഞ്ഞിനെയറിയാനാവും. ആ നെഞ്ചിൽ അവനെപ്പറ്റി വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടാവും, അവനേതെല്ലാം വഴിയിലൂടെ നടന്നിരിക്കാമെന്നും എവിടെയെല്ലാം അവനു തെറ്റുപറ്റാമെന്നും ഊഹിക്കാൻ ആ കരുതലിനാവും. അതുകൊണ്ടാവാം അമ്മയെ 'അമ്മ' എന്ന് തന്നെ വിളിക്കുന്നത്... പകരം വെക്കാനാവാത്ത ആ സ്നേഹത്തിന്റെ കഥയാണ് ഓരോ സമൂഹജീവിയും മനസ്സിലാക്കിയിരിക്കേണ്ട ആദ്യ 'സാമൂഹ്യപാഠം'.

No comments:

Post a Comment